Koomarm - ( കോമരം )
കോമരം
മലബാര്‍, മധ്യതിരുവിതാംകൂര്‍ എന്നീ പ്രദേശങ്ങളില്‍ നടത്തപ്പെടുന്ന അനുഷ്ഠാനപരമായ ചടങ്ങാണ് കോമരംതുള്ളല്‍ അഥവാ വെളിച്ചപ്പാടുതുള്ളല്‍. കോമരം എന്നാല്‍ വെളിച്ചപ്പാട് എന്നാണ്. കോമരം നടത്തുന്ന തുള്ളലായതിനാല് ഈ പേരുണ്ടായി. ഭഗവതീ ക്ഷേത്രങ്ങളിലാണ് ഇത് നടത്തപ്പെടുന്നത്. വസൂരിരോഗവിമുക്തമായ കുടുംബങ്ങള്‍ വീടുകളിലും നടത്താറുണ്ട്. അമ്പലങ്ങളില്‍ കോമരം തുള്ളുന്നതിനു നിയുക്തരാകുന്നവര്‍ പൂജയ്ക്കുശേഷമാണ് തുള്ളുന്നത്. അമ്പലമതിലുകളില്‍ വിളക്കുകള്‍ കത്തിച്ചുവയ്ക്കും. വെളിച്ചപ്പാട് കുളി കഴിഞ്ഞ് വെള്ളത്തുണി ധരിച്ച് അതിനു മുകളിലായി മൂന്ന് മീറ്റര്‍ നീളത്തില്‍ ചുവന്ന തുണി ഇടത്തേ തോളിലൂടെ വലത്തേ കൈക്കു താഴെവരെ വിലങ്ങനെ ധരിച്ചിരിക്കും. അരയില്‍ കിലുങ്ങുന്ന അരമണിയും കഴുത്തില്‍ തെച്ചിപ്പൂമാലയും ഇടതുകൈയില്‍ കങ്കണവും ഇട്ടിരിക്കും. വലതുകൈകൊണ്ട് വാളും ഇടതുകൈകൊണ്ട് ചിലമ്പും പിടിച്ചു നീളത്തിലുള്ള തലമുടി നെറ്റിയിലും പിറകിലുമായി വിരിച്ചിട്ടു ക്ഷേത്രത്തിനു ചുറ്റും പ്രദക്ഷിണംവച്ചു നടയിലെത്തുന്ന കോമരം വാദ്യഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ തുള്ളിച്ചാടുന്നു. ഭഗവതിയെ തന്നില്‍ ആവാഹിച്ച് കോമരം ഭക്തരുടെ ഭാവികാര്യങ്ങള്‍ പ്രവചിക്കുകയും ചിലപ്പോള്‍ കോമരം വാളുകൊണ്ട് തന്റെതന്നെ ശിരസ്സില്‍ വെട്ടാറുമുണ്ട്. അവസാനം ഭക്തന്മാര്ക്ക് അനുഗ്രഹാശിസ്സുകള്‍ നല്കുന്നു. രണ്ടിനം കോമരങ്ങളുണ്ട്. ആചാരപ്പെട്ട സ്ഥിരമായ കോമരങ്ങളാണ് ഒന്നാമത്തെ വിഭാഗം. തമ്പുരാക്കന്മാരില്നിന്നോ ഇടപ്രഭുക്കന്മാരില്നിന്നോ ആചാരം വാങ്ങുന്നവരാണ് ഇക്കൂട്ടര്‍. ആചാരപ്പെട്ടു കഴിഞ്ഞാല്‍ മദ്യമോ മത്സ്യമാംസാദികളോ ഉപയോഗിക്കാന്‍ പാടില്ല. തീയര്‍, വാണിയര്‍, കമ്മാളര്‍ എന്നീ സമുദായങ്ങള്ക്ക് ഇത്തരത്തിലുള്ള കോമരങ്ങള്‍ ഉണ്ട്. സവര്ണരുടെ കാവുകളിലും ക്ഷേത്രങ്ങളിലും മറ്റും പാട്ടുത്സവം, തീയാട്ട് എന്നിവ നടത്തുമ്പോള്‍ കോമരം ഇളകിത്തുള്ളുന്ന തെയ്യംപാടികള്‍, തീയ്യാടികള്‍, കുറുപ്പന്മാര് എന്നിവരാണ് രണ്ടാമത്തെ വിഭാഗം. ഇവര്‍ പ്രത്യേകം ആചാരപ്പെട്ടവരല്ല. കോമരംതുള്ളലിനു പരിശീലനം ആവശ്യമാണ്, കൊട്ടുന്ന വാദ്യത്തിന്റെ താളത്തിനനുസരിച്ചാണ് കോമരം തുള്ളേണ്ടത്. ചെണ്ടയാണ് പ്രധാനവാദ്യം. വടക്കേ മലബാറില്‍ പൂരവേലയോടനുബന്ധിച്ച് അവര്ണരുടെ കാവില്നിന്ന് കോമരം പുറപ്പെട്ട് ഊരുചുറ്റുന്ന പരിപാടിയുണ്ട്. 'ഏളത്ത്' എന്നാണ് ചടങ്ങിന് പേര്.
Comments
Post a Comment