Kathivanoor Veeran Theyyam - ( കതിവനൂർ വീരൻ തെയ്യം )
( കതിവനൂർ വീരൻ തെയ്യം )
പഴയ കാലത്തെ വീരന്മാരും പോരാളികളും പ്രിയപ്പെട്ടവരുംമൊക്കെ അവരുടെ കാലശേഷവും നാട്ടുകാരുടെ മനസ്സിൽ കഥകളിലൂടെയും പാട്ടുകളിലൂടെയും നിലനിന്നു വന്നിരുന്നു. ക്രമേണ അവർ തെയ്യങ്ങളായി മാറുന്നു. അവരുടെ ഓർമ്മപ്പെടുത്തലുമായി ഇന്നും ആണ്ടു തോറും തെയ്യങ്ങൾ കെട്ടിയാടപ്പെടുന്നു. തെയ്യങ്ങൾ ഗ്രാമീണരുടെ പ്രത്യക്ഷ ദൈവങ്ങൾ ആണ്. ഓരോ പ്രദേശങ്ങളിലും വിവിധ പേരുകളിലുള്ള തെയ്യങ്ങൾ കെട്ടിയാടപ്പെടുന്നുണ്ട്. മുത്തപ്പൻ, വിഷ്ണുമൂർത്തി, കതിവനൂർ വീരൻ, പൊട്ടൻ, ഗുളികൻ, വയനാട് കുലവൻ, മുച്ചിലോട്ട് ഭഗവതി എന്നിങ്ങനെ ധാരാളം മൂർത്തികളയി ദൈവത്തിന്റെ വേഷം ചാർത്തി മനുഷ്യരോടൊത്തു ചേർന്ന് അവർ നിവസിക്കുന്നു. കണ്ണൂർ ജില്ലയിലെ മാങ്ങാട്ട് നിവാസിയും തിയ്യ സമുദായത്തിൽ പെട്ടവനുമായ മന്ദപ്പൻ എന്നയാളാണ് പിൽകാലത്ത് ദൈവ പരിവേഷം കിട്ടി തെയ്യ മൂർത്തിയായി കെട്ടിയാടുന്ന കതിവനൂർ വീരൻ. കണ്ണൂരിനും തളിപ്പറമ്പിനും ഇടയിലുമാണു മാങ്ങാട്ട്. കതിവനൂര്‍ വീരനായ മന്ദപ്പന്‍ ജനിച്ചത് കണ്ണൂര്‍ ജില്ലയിലെ മങ്ങാട്ടുള്ള മണിഗ്രാമത്തിലായിരുന്നു. ഗ്രാമത്തിലെ ഒരു ഉത്സവകാലത്തില്‍ കുമാരപ്പനും ചക്കിയമ്മയ്ക്കും പിറന്ന മന്ദപ്പന്‍ വളര്‍ന്നപ്പോള്‍ തികഞ്ഞ ഒരു കായികഭ്യസിയായി തീര്‍ന്നു. കളരിപ്പയറ്റിലും നായാട്ടിലും കേമനായ മന്ദപ്പന്‍റെ ജീവിതം ലക്ഷ്യമില്ലാതെ അലഞ്ഞു തിരിയുന്നതായിരുന്നു. കൂട്ടുകാരോടൊത്തു നായാടിയും റാക്ക് കുടിച്ചും ജീവിതം ആസ്വദിച്ചു. മകന്‍റെ ദുര്‍നടപ്പ് കണ്ടു മനംനൊന്ത കുമാരപ്പന്‍ ഗുണദോഷിച്ചു നോക്കി. എന്നിട്ടും പഴയപടി അലസനായി നടക്കുന്ന മകനെ, സഹികെട്ടു കുമാരപ്പന്‍ വീട്ടില്‍ നിന്നും ഇറക്കിവിട്ടു. നിസ്കാസിതനായ മന്ദപ്പന്‍ കൂട്ടുകാരുമൊത്തു കുടക് മല കയറാന്‍ തീരുമാനിച്ചു. പോകുംവഴി ഒരു പെരുംകാഞ്ഞിരമരത്തിന്‍റെ ചുവട്ടില്‍ അവര്‍ രാത്രി കഴിച്ചു കൂട്ടി. കൈയില്‍ കരുതിയ റാക്ക് കുടിച്ചും ആടിപാടിയും അവര്‍ യാത്ര ആഘോഷിച്ചു. ലഹരി തലയ്ക്കു പിടിച്ചു ഉറങ്ങിപ്പോയ മന്ദപ്പനെ വഴിയില്‍ തനിച്ചാക്കി കൂട്ടുകാര്‍ മലയിറങ്ങി. ഉറക്കമുണര്‍ന്നപ്പോള്‍ ചങ്ങാതിമാരുടെ ചതി മനസിലാക്കിയ മന്ദപ്പന്‍ തിരിച്ചുപോകാന്‍ മനസ്സ് വരാതെ കുടക് ലക്ഷ്യമാക്കി നടന്നു. വഴിയില്‍ കണ്ടുമുട്ടിയ കള്ളമ്മന്‍ എന്ന കുടകന്‍റെ സഹായത്തോടെ കതിവനൂരുള്ള തന്‍റെ അമ്മാവന്‍റെ വീട് കണ്ടു പിടിച്ചു. മങ്ങാട്ട് നിന്നും ഇത്ര ദൂരം താണ്ടി വന്ന മന്ദപ്പനെ അമ്മാവനും കുടുംബവും സ്വന്തം മകനെ പോലെ സ്വീകരിച്ചു. അവിടെ അമ്മാവനെ കൃഷിയില്‍ സഹായിച്ചും ചക്കില്‍ എണ്ണയാട്ടിയും കുടകിലെ നാളുകള്‍ മന്ദപ്പന്‍ അദ്ധ്വാനിച്ചു ജീവിച്ചു. ഒരു ദിവസം ചന്തപിരിഞ്ഞു വരും വഴി മന്ദപ്പന്‍ ചെമ്പരത്തിയെന്ന പെണ്‍കുട്ടിയെ കണ്ടു അനുരുക്തനായി. അമ്മാവനോടു കാര്യം അറിയിച്ചപ്പോള്‍, പെണ്‍കുട്ടിയുടെ വീട്ടുകാരുമായി ആലോചിച്ചു വിവാഹം നടത്തികൊടുക്കുകയും ചെയ്തു. വിവാഹത്തിന്‍റെ ആദ്യനാളുകള്‍ ഏറെ സന്തോഷപൂര്‍ണമായിരുന്നു. നാളുകള്‍ കഴിഞ്ഞപ്പോള്‍ അവരുടെ കുടുംബജീവിതത്തില്‍ അസ്വാരസ്യങ്ങള്‍ കണ്ടു തുടങ്ങി. സന്ധ്യ കഴിഞ്ഞു വൈകി വരുന്ന മന്ദപ്പനെ ചെമ്പരത്തി സംശയദ്രിഷ്ടിയോടെ കണ്ടു, അതെ ചൊല്ലി വഴക്കുകളും പതിവായി. ഒരു നാള്‍ ഇത്തരത്തില്‍ വഴക്ക് മൂത്തു നില്‍ക്കും നേരമാണ് കുടകപട തങ്ങളെ ആക്രമിക്കുന്നു എന്ന വാര്‍ത്ത മന്ദപ്പന്‍ അറിയുന്നത്. അറയില്‍ നിന്നും ആയുധങ്ങള്‍ എടുത്തു ഇറങ്ങി വരവെ കാല്‍ത്തട്ടി മന്ദപ്പന്‍ വീണു ചുമരില്‍ തലയിടിച്ചു. ചോര വാര്‍ന്നൊഴുകി നില്‍ക്കുന്ന മന്ദപ്പനെ നോക്കി ചെമ്പരത്തി മൊഴിഞ്ഞു- സ്വന്തം ചോര കണ്ടു യുദ്ധത്തിനിരങ്ങിയാല്‍ ശത്രു സൈന്യത്താല്‍ വധിക്കപെടുമെന്നു. അതിനു മറുപടിയായി- നിന്‍റെ വാക്കുകള്‍ സത്യമാകട്ടെ എന്നു പറഞ്ഞുംകൊണ്ട് മന്ദപ്പന്‍ പടയ്ക്കു പുറപ്പെട്ടു. പോര്‍ക്കളത്തില്‍ കൊടുങ്കാറ്റു പോലെ മന്ദപ്പന്‍ ആഞ്ഞടിച്ചു. കുടകപടയെ തലങ്ങും വിലങ്ങും അരിഞ്ഞു വീഴ്ത്തി. പിടിച്ചു നില്‍ക്കാനാവാതെ കുടക പട പിന്‍വാങ്ങി. വിജയശ്രീലാളിതനായി മന്ദപ്പന്‍ വീട്ടിലേക്കു മടങ്ങുമ്പോഴാണ് തന്‍റെ മോതിരവിരല്‍ നഷ്ടമായ വിവരം മനസ്സിലാക്കിയത്. ചെമ്പരത്തി അണിയിച്ച വിവാഹമോതിരം വീണ്ടെടുക്കാനായി പടക്കളത്തിലേക്ക് മടങ്ങിയ മന്ദപ്പനെ മറഞ്ഞിരുന്ന കുടകപടയാളികള്‍ ചതിച്ചു വെട്ടി വീഴ്ത്തി. കാര്യമറിഞ്ഞു കുടക്മലയുടെ കിഴക്കന്‍ ചെരിവിലേക്ക് വന്നണഞ്ഞ ദുഃഖര്‍ത്തരായ ബന്ധുമിത്രാദികള്‍ ചേര്‍ന്ന് മന്ദപ്പന്‍റെ വീരദേഹം ദഹിപ്പിച്ചു. തന്‍റെ വാക്കുകള്‍ അറംപറ്റിയല്ലോ എന്ന വ്യസനത്താല്‍ ചെമ്പരത്തി ഭര്‍ത്താവിന്‍റെ ചിതയിലെ ചാടി സ്വയം ബലിയര്‍പ്പിച്ചു. സൂര്യന്‍ അസ്തമിച്ച ആ സന്ധ്യയില്‍ ഒരു പകല്‍ പോലെ മന്ദപ്പനും എരിഞ്ഞടങ്ങി. ആ വീരയോദ്ധാവിന്‍റെ ഓര്‍മ്മക്കായ് നാട്ടുകാര്‍ പിന്നീട് കതിവന്നൂര്‍ വീരന്‍ തെയ്യം കെട്ടി ആടാന്‍ തുടങ്ങി. കതിവനൂര്‍ വീരന്‍ തെയ്യം കാഴ്ചയില്‍ പകിട്ടേറുന്നു. കളരിപ്പയറ്റിന്‍റെ ചുവടിലും മെയ്യഭ്യാസത്തിലും ചെമ്പരത്തി തറയ്ക്ക് ചുറ്റും കതിവനൂര്‍ വീരന്‍ ആടി തിമിര്‍ക്കുന്നു. 32 തിരികള്‍ കത്തിച്ചു വെച്ച ചെമ്പരത്തി തറ ചെമ്പരത്തിയുടെ വീടെന്നാണ് സങ്കല്പം. നാടന്‍ ശീലുകളിലും വടക്കന്‍ പാട്ടുകളിലും പാടിപതിഞ്ഞ കതിവനൂര്‍ വീരന്‍റെ ചരിത്രം ഇന്നും വടക്കന്‍ മലബാറുകാരുടെ മനസ്സില്‍ ആവേശമായ് നിറഞ്ഞു നില്‍ക്കുന്നു.
ശ്യാമ.ആർ
Comments
Post a Comment