( ശ്രീ മുത്തപ്പന്‍ )
ഉത്തരകേരളത്തിലെ ഏറ്റവും പ്രസിദ്ധിയാര്‍ജ്ജിച്ച ഒരു ക്ഷേത്രമാണ് പറശ്ശിനി മടപ്പുര ശ്രീ മുത്തപ്പന്‍ ക്ഷേത്രം. ദിവസേന എന്നോണം ആയിരക്കണക്കിന് ഭക്തന്മാര്‍ ദര്‍ശനത്തിന് ഇവിടെ എത്തുന്നു. വിശേഷ ദിവസങ്ങളില്‍ പതിനായിരത്തിലധികം ആളുകള്‍ ഇവിടെയെത്താറുണ്ട്. മറ്റു ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായിട്ടുള്ള ആചാര അനുഷ്ഠാനങ്ങള്‍ ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. വൈദികസംസ്ക്കാരത്തിന് സമാന്തരമായി അവൈദികമായ ദ്രാവിഡ സംസ്ക്കാരത്തില്‍ അധിഷ്ഠിതമായ തെയ്യം ആരാധനയിലൂടെ ഭക്തജനങ്ങള്‍ക്ക് അനുഗ്രഹവും അരുളപ്പാടും ദര്‍ശനവും കൊടുത്ത് ഭക്തജനങ്ങളെ മുത്തപ്പന്‍ അനുഗ്രഹിക്കുന്നു. മഹാവിഷ്ണുവിന്റെയും ശിവന്റെയും അവതാരമായ ശ്രീ മുത്തപ്പന്‍ തിരുവപ്പന, വെള്ളാട്ടം എന്ന പേരിലും വലിയ മുത്തപ്പന്‍ ചെറിയ മുത്തപ്പന്‍ എന്ന പേരിലും അറിയപ്പെടുന്നു. എല്ലാ ദിവസവും സന്ധ്യയ്ക്ക് ദീപാരാധനയ്ക്ക് ശേഷം ചെറിയ മുത്തപ്പന്‍ (ശിവന്‍) വെള്ളാട്ടമായി തെയ്യ സ്വരൂപത്തില്‍ കെട്ടിയാടി ഭക്തന്മാര്‍ക്ക് ദര്‍ശനം നല്‍കുന്നു. അതു പോലെ വെളുപ്പാന്‍ കാലം അഞ്ചരമണിക്ക് തിരുവപ്പന വെള്ളാട്ടം (ശിവന്‍, വിഷ്ണു) ഒന്നിച്ച് കെട്ടിയാടി ഭക്തന്മാര്‍ക്ക് ദര്‍ശനം നല്‍കുന്നു. മുത്തപ്പനോട് നേരിട്ട് സങ്കടങ്ങള്‍ ഉണര്‍ത്തുവാനും അനുഗ്രഹം ഏറ്റുവാങ്ങുവാനും അവസരം ഉണ്ടായിരിക്കുന്നതാണ്.അയ്യപ്പനെപോലെ ശ്രീ മുത്തപ്പനും ഒരു അവതാരകഥയുണ്ട്. സന്താനമില്ലാത്ത ദു:ഖത്താല്‍ നീറിക്കഴിഞ്ഞിരുന്ന അയ്യങ്കരയില്ലത്തെ ദമ്പതിമാരായ പാടിക്കുറ്റി അന്തര്‍ജ്ജനത്തിന്റെയും അയ്യങ്കരദേവന്‍ നമ്പൂതിരിയുടെയും നെടുനാളത്തെ പ്രാര്‍ത്ഥനയുടെ ഫലമായി കൈവന്ന കുട്ടിയാണ് ശ്രീ മുത്തപ്പന്‍. ഏഴോളം തോഴിമാരുമൊത്ത് പാടിക്കുറ്റി അന്തര്‍ജ്ജനം ഏരുവശ്ശിപുഴയുടെ തീരത്തുള്ള തിരുവന്‍ കടവില്‍ നീരാട്ടിനായി എഴുന്നെള്ളുകയും മാറോളം വെള്ളത്തില്‍ ഇറങ്ങുകയും മുങ്ങികുളിച്ചു കൊണ്ടിരുന്നപ്പോള്‍ എങ്ങുനിന്നോ ഒരു കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കാനിടയായി. അവള്‍ വീണ്ടും വെള്ളത്തില്‍ മുങ്ങി നിവര്‍ന്നപ്പോള്‍ അദ്ഭുതം എന്നു പറയട്ടെ തിരുവന്‍ കടവില്‍ തിരുനെറ്റിക്കല്ലിന്റെ മുകളില്‍ അതികോമള സ്വരൂപനായ സാക്ഷാല്‍ മഹാവിഷ്ണുവിന്റെ ബാല സ്വരൂപത്തോടുകൂടിയുള്ള പിഞ്ചു പൈതല്‍ കൈകാലിട്ടടിച്ച് കിടക്കുന്ന കാഴ്ചയാണ് കണ്ടത്. വര്‍ദ്ധിച്ച സന്തോഷത്തോടുകൂടി അവള്‍ കുട്ടിയെ വാരിയെടുത്ത് അയ്യങ്കരയില്ലത്തേക്ക് കൊണ്ട്പോയി. അയ്യങ്കര വാഴുന്നവരും പാടിക്കുറ്റി അന്തര്‍ജ്ജനവും ശിശുവിനെ സ്വന്തം മകനെപ്പോലെ വളര്‍ത്തി. ഉപനയനം ചെയ്യിക്കുകയും വേദശാസ്ര്തങ്ങള്‍ പഠിപ്പിക്കുകയും ചെയ്തു. എന്നാല്‍ വളര്‍ന്നു വന്ന ശിശു വൈദിക സംസ്ക്കാരത്തിന് വിരുദ്ധമായ ജീവിതരീതി അവലംബിക്കാന്‍ തുടങ്ങി.
സവര്‍ണ്ണമേധാവിത്വത്തിനെതിരായുള്ള ജാതീയതക്കും അനീതിക്കും എതിരെയായും പാവപ്പെട്ടവരുടെയും മറ്റ് അധ്വാനിക്കുന്ന ജന വിഭാഗത്തിന്റെയും രക്ഷയ്ക്കായി അവതാരം പൂണ്ട ശ്രീ മുത്തപ്പന്റെ മനസ്സില്‍ പെട്ടെന്നൊരുദിവസം അവതാര ലക്ഷ്യം സാക്ഷാത്ക്കരിക്കുവാനുള്ള ഉള്‍വിളിയുണ്ടായി. ഇല്ലത്തെ സുഖ സൗകര്യങ്ങളും ചുറ്റുപാടും അവതാര ഉദ്ദേശം സാക്ഷാത്ക്കരിക്കാന്‍ തടസ്സമായേക്കുമെന്നും അതിനാല്‍ ഇല്ലം വിട്ട്പോകാന്‍ തന്നെ തീരുമാനിച്ചു. അമാനുഷികമായ ഭാവങ്ങള്‍ അവനില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. അമ്പും വില്ലും ആയുധമായി എടുത്തുകൊണ്ട് കുന്നും മലയും നായാടുകയും പക്ഷി മൃഗാദികളെ വേട്ടയാടുകയും താഴ്‌ന്ന ജാതിക്കാരായ കൂട്ടുകാരോടൊപ്പം ഇല്ലത്ത് വരികയും പക്ഷിമൃഗാദികളെ ചുട്ടും കരിച്ചും തിന്നും കുടിച്ചും ഇല്ലത്തിന്റെ വൈദിക അന്തരീക്ഷം മലിനപ്പെടുത്തി. വളര്‍ത്തച്ഛനായ അയ്യങ്കര ദേവന്റെ മനസ്സില്‍ കോപം പൂണ്ടൂ. അങ്ങനെ അവനെ ഇല്ലത്ത് നിന്ന് പറഞ്ഞു വിടാന്‍ തീരുമാനിച്ചു. ശകാരവാക്കുകള്‍ കേള്‍ക്കാനിടയായ മുത്തപ്പന്‍ ക്രോധം കൊണ്ട് ചുറ്റുപാടും നോക്കിയപ്പോള്‍ വൃക്ഷലതാദികളും മറ്റും കോപാഗ്നിയില്‍ എരിഞ്ഞടങ്ങിപ്പോയി. നോട്ടം അയ്യങ്കരവാഴുന്നവരുടെ നേര്‍ക്കായപ്പോള്‍ പാടിക്കുറ്റി അന്തര്‍ജ്ജനം മകനെ വിലക്കി. ഈ കണ്ണുകൊണ്ട് അങ്ങനെ നോക്കാന്‍ പാടില്ല മകനെയെന്ന് കേണപേക്ഷിച്ചു. തൃക്കണ്ണ് പോയി പൊയ്ക്കണ്ണ് ധരിക്കാന്‍ മകനെ ഉപദേശിച്ചു. (ഇതിന്റെ പ്രതീകമായാണ് വലിയ മുത്തപ്പന്‍ (തിരുവപ്പന) കെട്ടിയാടുന്ന അവസരത്തില്‍ വെള്ളിക്കണ്ണ് (പൊയ്ക്കണ്ണ്) ധരിക്കുന്നത്). അമ്പും വില്ലും ധരിച്ച് ഏഴല്ലം നായിക്കളെയും കൂട്ടുപിടിച്ച് ഗിരിവര്‍ഗ്ഗക്കാരായ കൂട്ടുകാരോടൊപ്പം അയ്യങ്കരയില്ലം വിട്ട് കുന്നത്തൂര്‍പാടി എന്ന മലമ്പ്രദേശത്തേക്ക് യാത്ര തിരിച്ചു. മുത്തപ്പന്റെ മൂലസ്ഥാനം എന്നറിയപ്പെടുന്ന പ്രദേശമാണ് കുന്നത്തൂര്‍പ്പാടി. പാടിയില്‍ വച്ച് മുത്തപ്പന്‍ പനമുകളില്‍ കയറി കള്ളു കുടിക്കുകയും പനയുടെ ഉടമസ്ഥന്‍ അടിയാനായ ചന്തന്‍ അമ്പും വില്ലുമെടുത്ത് മുത്തപ്പന്റെ നേര്‍ക്ക് അസ്ര്തം തൊടുത്തു വിടാന്‍ ഭാവിച്ചു. പന മുകളില്‍ നിന്ന് ചന്തനെ നോക്കിയപ്പോള്‍ മുത്തപ്പന്റെ ദിവ്യശക്തികൊണ്ട് ചന്തന്‍ കല്ലായി മറഞ്ഞുപോയി. ഉച്ചക്കരിയാന്‍ പോയ ചന്തന്‍ അന്തിയായിട്ടും വരാഞ്ഞിട്ട് അവന്റെ ഭാര്യ അടിയാത്തി വിഷമിച്ചു. അവള്‍ മലയുടെ താഴ്‌വാരം മുഴുവനും ഭര്‍ത്താവിനെ അന്വേഷിച്ച് നടന്നു. ഒടുവില്‍ പനയുടെ ചുവട്ടില്‍ എത്തിയപ്പോള്‍ അമ്പും വില്ലുമായി കല്ലായിമറഞ്ഞുപോയ തന്റെ ഭര്‍ത്താവിനെയാണ് കണ്ടത്. പനയുടെ മുകളില്‍ നോക്കിയപ്പോള്‍ തേജോമയനായ ആളെ കണ്ടു. പെട്ടന്ന് 'എന്റെ മുത്തപ്പാ' എന്ന് വിളിക്കുകയും എന്റെ ഭര്‍ത്താവിനെ പണ്ടുപണ്ടെപ്പോലെ കാട്ടി തന്നാല്‍ തിരുവപ്പന, വെള്ളാട്ടം, പയംകുറ്റി എന്നീ വഴിപാടുകള്‍ തന്നുകൊള്ളാം എന്നപേക്ഷിച്ചു. അദ്ഭുതമെന്ന് പറയട്ടെ അവരുടെ ഭര്‍ത്താവിനെ പൂര്‍വ്വസ്ഥിതിയില്‍ കാട്ടിക്കൊടുക്കുകയും അനുഗ്രഹിക്കുകയും ചെയ്തു. ആദിവാസിയായ അടിയാത്തി അന്നു വിളിച്ച പേരിലാണ് ഇന്നും മുത്തപ്പന്‍ അറിയപ്പെടുന്നത്. ആദിവാസി നേര്‍ന്ന വഴിപാടായ കള്ളും മീനും ചുട്ട മാംസവുമാണ് ഇന്നും എല്ലാ മുത്തപ്പന്‍ ക്ഷേത്രങ്ങളിലും പൂജയ്ക്കായി ഉപയോഗിച്ചു വരുന്നത്.ജാതീയതയ്ക്കും അടിമത്തത്തിനും എതിരായി ആദിവാസികളെയും അധ:കൃതവര്‍ഗ്ഗത്തെയും അണിനിരത്തിക്കൊണ്ട് ശ്രീ മുത്തപ്പന്‍ തന്റെ ജൈത്രയാത്ര കുന്നത്തൂര്‍പാടിയില്‍ നിന്നും പുരളി മലയിലേക്ക് തിരിച്ചു. പുരളിമല ഭരിച്ചിരുന്ന കോട്ടയം രാജാവുമായി ഏറ്റുമുട്ടി പുരളിമലയും പുരളിമലചിത്രപീഠവും പിടിച്ചടക്കി. അവിടെ 308 മടപ്പുരയും എണ്ണിയാല്‍ തീരാത്ത പൊടിക്കളവും സ്ഥാപിച്ച് മുത്തപ്പന്റെ ആധിപത്യം സ്ഥാപിച്ചു. തീയസമുദായക്കാരനായ മടയനെ (മുത്തപ്പന്റെ പൂജാരി) തീണ്ടിപ്പോയെന്ന സംശയത്താല്‍ കോട്ടയം രാജവംശത്തില്‍പ്പെട്ട ഭരണാധികാരി കുത്തിക്കൊന്ന് കൊലയറുത്തപ്പോള്‍ രാജവംശത്തിന്റെ ഉന്മൂലനാശം വരുത്തി ഐതിഹ്യത്തിനെതിരെ പോരാടി. അക്കാലത്ത് പൂജാദി കര്‍മ്മങ്ങള്‍ സവര്‍ണ്ണര്‍ക്കായി മാത്രം വിധിച്ചപ്പോള്‍ താഴ്‌ന്ന ജാതിക്കാരായ അടിയാന്മാര്‍, ആദിവാസികള്‍, വണ്ണാന്‍, തീയ്യന്‍, അഞ്ഞൂറ്റാന്‍ മുതലായ ജാതിക്കാരെക്കൊണ്ട് പൂജാദികാര്യങ്ങള്‍ ചെയ്യിക്കുകയും അതില്‍ പങ്കുകൊള്ളുവാനും അവരില്‍ നിന്ന് അനുഗ്രഹങ്ങള്‍ ഏറ്റുവാങ്ങുവാനും സവര്‍ണ്ണരായ ആഢ്യബ്രാഹ്മണന്‍ മുതലായവരെ വിളിച്ചു വരുത്തി ഒരു അദ്ധ്യാത്മിക വിപ്ലവത്തിന് തുടക്കം കുറിക്കുകയും മാതൃക കാണിക്കുകയും ചെയ്തിട്ടുള്ള ഒരു സാമൂഹിക പരിഷ്ക്കര്‍ത്താവായും മുത്തപ്പനെ നമുക്ക് ദര്‍ശിക്കാം. വിശ്വസിച്ചയാളെ ചതിക്കുകയില്ല, ചതിച്ചവനെ വിശ്വസിക്കുകയുമില്ല മുത്തപ്പന്‍.
മുത്തപ്പന്റെ ആരാധനയുടെ മൂലസ്ഥാനം കുന്നത്തൂര്‍പ്പാടിയാണ്. അവിടെ വര്‍ഷത്തില്‍ ഒരു മാസം ഉത്സവം കൊണ്ടാടുന്നു. (ധനുമാസം). എന്നാല്‍ നിത്യോത്സവമായി എല്ലാ ദിവസവും ഭക്തന്മാര്‍ക്ക് മുത്തപ്പനെ ആരാധിക്കുവാനും അനുഗ്രഹം ഏറ്റുവാങ്ങുവാനും അവസരം ലഭ്യമാക്കാന്‍ പറ്റാവുന്ന സ്ഥലം തിരഞ്ഞപ്പോള്‍ പുരളിമലയുടെ മുകളില്‍ നിന്ന് 'കടലോട് കണ്ണപുരം' എന്ന സ്ഥലം നോക്കികണ്ടു. അവിടെ മുത്തപ്പന്റെ മടപ്പുര സ്ഥാപിച്ചു. എന്നാല്‍ അവിടെ നിത്യ ഉത്സവത്തിന് മതിപോര എന്നു മനസ്സില്‍ കരുതി കണ്ണപുരത്ത് നിന്നു നേരെ ഒരു അസ്ര്തം തൊടുത്ത് വിട്ടു. ആ അസ്ര്തം ചെന്നുതറച്ചത് പറശ്ശിനിപുഴയുടെ തീരത്തുള്ള കാഞ്ഞിരമരത്തിലാണ്. പുഴയുടെ തീരത്ത് നിന്നും ചൂണ്ടയിട്ട് മത്സ്യം പിടിച്ചുകൊണ്ടിരുന്ന പെരുവണ്ണാന്‍ അസ്ര്തം കാണാനിടയായി. ഉടന്‍ തന്നെ അദ്ദേഹം അതിനടുത്ത് താമസിക്കുന്ന കുന്നുമ്മല്‍ തറവാട്ടിലെ കാരണവരെ അറിയിക്കുകയും രണ്ട്പേരും കൂടി അസ്ര്തം തറച്ച മരത്തിന്റെ ചുവട്ടില്‍ കള്ളും മത്സ്യവും നിവേദിച്ച് പയംകുറ്റിവച്ച് മുത്തപ്പനെ ആരാധിച്ചു. തുടര്‍ന്ന് പയംകുറ്റി വെള്ളാട്ടം നടത്തുകയും പിന്നീട് മടപ്പുര പണിയുകയും വെള്ളാട്ടവും തിരുവപ്പനയും കെട്ടിയാടിച്ച് മുത്തപ്പന്‍ ആരാധനയ്ക്ക് പറശ്ശിനിക്കടവില്‍ തുടക്കം കുറിച്ചു. അതിനുശേഷം നിത്യോത്സവമായി സന്ധ്യാസമയത്തും വെളുപ്പാന്‍ കാലത്തും തിരുവപ്പന വെള്ളാട്ടം കെട്ടിയാടി ഭക്തന്മാര്‍ക്ക് ദര്‍ശനം നല്‍കുന്നു. ഇവിടെ എത്തിച്ചേരുന്ന ഭക്തന്മാര്‍ക്ക് താമസസൗകര്യങ്ങളും അന്നദാനവും ചായയും പയറും തേങ്ങാപ്പൂളും നല്‍കി സല്‍ക്കരിച്ചു വരുന്നു. വിദേശങ്ങളിലും അറിയപ്പെടുന്ന ഒരു മഹാക്ഷേത്രമായി മുത്തപ്പന്‍ മടപ്പുര മാറിയിരിക്കുകയാണ്. മുത്തപ്പനെ ആദ്യമായി ഇവിടെ ദര്‍ശിച്ച വണ്ണാന്‍ സമുദായത്തില്‍പ്പെട്ട തളിയില്‍ പെരുവണ്ണാന്റെ പിന്‍ ഗാമികള്‍ മുത്തപ്പന്‍ കെട്ടിയാടുന്ന കോലധാരിയായി കര്‍മ്മം ചെയ്യുന്നു. ക്ഷേത്രത്തിന്റെ ഭരണാധികാരം തീയ്യ സമുദായത്തില്‍പ്പെട്ട പറശ്ശിനിമടപ്പുര തറവാട്ടുകാര്‍ നടത്തി വരുന്നു.തറവാട്ടിലെ മൂത്ത കാരണവര്‍ മടയനായി ആചാരപ്പെടുന്നു. മുത്തപ്പനെ ഇവിടെ ആദ്യമായി ദര്‍ശിച്ച തളിയില്‍ പെരുവണ്ണാന്റെ വംശപരമ്പരയിലെ ഒരാളാണ് ശ്രീ പി.പി. ബാലകൃഷ്ണ പെരുവണ്ണാന്‍.അദ്ദേഹം 35 വര്‍ഷമായി പറശ്ശിനി മടപ്പുരയില്‍ മുത്തപ്പന്റെ തിരുവപ്പന വെള്ളാട്ടം കെട്ടിയാടുന്ന കോലധാരിയാണ്.കേരളത്തിനകത്തും പുറത്തും നിരവധി മുത്തപ്പ മടപ്പുരകളിലും വീടുകളിലും തറവാടുകളിലും മുത്തപ്പന്‍ കെട്ടിയാടിവരുന്നു. വീടുകളില്‍ വച്ച് മുത്തപ്പന്‍ വെള്ളാട്ടം കെട്ടിയാടുന്നത് മലബാറില്‍ വളരെ വിശേഷമായ ഒരു ചടങ്ങാണ്. പുതിയ ഭവനം എടുത്ത് ഗൃഹപ്രവേശനദിവസവും, വിവാഹം, സന്താന സൗഭാഗ്യം മുതലായ കാര്യങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥനയായി മുത്തപ്പന്റെ വെള്ളാട്ടം വീട്ടില്‍ വച്ച് നടത്തിവരുന്നു.
Comments
Post a Comment