Kuttichathan Theyyam - (കുട്ടിച്ചാത്തൻ തെയ്യം)

(കുട്ടിച്ചാത്തൻ തെയ്യം)

              കുട്ടിച്ചാത്തൻ തെയ്യം അഥവാ കുട്ടിശാസ്തന്‍ തെയ്യം
കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിനടുത്തുള്ള പ്രശസ്തമായ ഒരു മന്ത്ര തന്ത്ര ബ്രാഹ്മണ കുടുംബമാണ് കാളകാട്ടു ഇല്ലം. കാളകാട്ടു തന്ത്രിയുമായി ബന്ധപ്പെട്ട തെയ്യമാണ്‌ വൈഷ്ണവംശമുള്ള കുട്ടിച്ചാത്തന്‍. അതിനാല്‍ തന്നെ കാളകാട്ടു കുട്ടിച്ചാത്തന്‍ എന്നും ഈ തെയ്യത്തെ വിളിക്കാറുണ്ട്. ബ്രാഹ്മണര്‍ (നമ്പൂതിരിമാര്‍) കെട്ടിയാടുന്ന ഈ തെയ്യത്തെ ബ്രാഹ്മണേതര കുടുംബങ്ങളും ആരാധിച്ചു വരുന്നു
മന്ഥര പർവതത്തിന്റെ ഉയർച്ച തുലനപ്പെടുത്തതിന് മഹാവിഷ്ണു ഗൃദ്ധ്രരാജനായി അവതരിച്ചുവെന്നും അതാണ്‌ കുട്ടിച്ചാത്തനെന്നുമാണ്‌ തെയ്യക്കോലങ്ങള്‍ കെട്ടുന്ന മലയരുടെ വിശ്വാസം.  അത് കൊണ്ടാണ് തെയ്യത്തിനു വൈഷ്ണവംശം ഉണ്ടെന്നു നേരത്തെ പറഞ്ഞത്.പതിനെട്ട് ബ്രാഹ്മണ കുടുംബക്കാര്‍ ആരാധിച്ചു പോരുന്ന മന്ത്രമൂര്‍ത്തിയാണ് കുട്ടിച്ചാത്തന്‍. ഭൈരവാദി പഞ്ചമൂര്‍ത്തികളില്‍ പ്രധാനിയാണ്‌ ഈ തെയ്യം. 108 ലധികം ശാസ്തന്‍മാരുള്ളതില്‍ മാന്ത്രികത്വമുള്ള കുട്ടിച്ചാത്തന്മാരില്‍ പ്രാധാന്യമുള്ളവ കരിങ്കുട്ടി, പൂക്കുട്ടി, തീക്കുട്ടി, പറക്കുട്ടി, ഉച്ചക്കുട്ടി എന്നീ കുട്ടിച്ചാത്തന്മാരാണ്.
കേരളത്തിലെങ്ങും വിശ്വാസമുള്ള  ബ്രാഹ്മണരുടെ തെയ്യമായാണ് കുട്ടിശാസ്തനെ പലരും കാണുന്നത്. ശിവന് വിഷ്ണുമായയില്‍ ഉണ്ടായ പുത്രനാണ് കുട്ടിച്ചാത്തന്‍ എന്നും വിശ്വസിക്കുന്നു.  കുട്ടിശാസ്തന്റെ മൂന്നു രൂപങ്ങള്‍ ആണ് പ്രശസ്തമായവ. കരിങ്കുട്ടി ചാത്തന്‍, പൂക്കുട്ടി ചാത്തന്‍, തീക്കുട്ടി ചാത്തന്‍ എന്നിവയാണവ. കുട്ടിച്ചാത്തനെ വര്ഷം മുഴുവന്‍ നീണ്ട  തുടര്‍ച്ചയായ പ്രാര്‍ത്ഥനയിലൂടെ സംതൃപ്തനാക്കിയാല്‍ തങ്ങളുടെ ഏത് ആഗ്രഹങ്ങളും സാധിക്കും എന്നാണു പൊതുവേയുള്ള വിശ്വാസം. ഇതിനായി ചാത്തന്‍ സേവ ചെയ്യുന്നവരുമുണ്ട്.
എന്നാല്‍ ഇതില്‍ നിന്ന് വിത്യസ്തമായി മറ്റൊരു കഥയുണ്ട്. ശിവനും പാര്‍വതിയും വള്ളുവനും വള്ളുവത്തിയുമായി വേഷം മാറിയപ്പോള്‍ അവര്‍ക്ക് രണ്ടു മക്കളുണ്ടായി കരുവാള്‍ എന്ന പേരിലും കുട്ടിച്ചാത്തന്‍ എന്ന പേരിലും ഇവര്‍ അറിയപ്പെട്ടു. ഇതില്‍ കുട്ടിച്ചാത്തന്‍ കറുത്ത ശരീരവുമായി നെറ്റിയില്‍ പൂവ്, തൃക്കണ്ണ്‍ എന്നിവയുമായാണ് ജനിച്ചത്.   ഇതില്‍ നിന്ന് ശിവ പാര്‍വതി ദമ്പതിമാര്‍ മക്കളില്ലാത്ത കാളകാട്ടില്ലത്തെ നമ്പൂതിരിക്ക് തങ്ങളുടെ കുട്ടിച്ചാത്തനെ നല്‍കിയെന്നും  അതോടെ കാളകാട്ടില്ലത്തെത്തിയ കുട്ടിച്ചാത്തന്‍ ബ്രഹ്മണാചാരങ്ങള്‍ക്ക് വിരുദ്ധമായ ശീലങ്ങള്‍ അനുവര്‍ത്തിച്ചു തുടങ്ങുകയും ചെയ്തുവത്രേ.
അസാമാന്യ ബുദ്ധിയുള്ള കുട്ടിച്ചാത്തന്‍ പഠിപ്പില്‍ ഒന്നാമനായിരുന്നുവെങ്കിലും ഗുരുവിനെ (ശങ്കര പൂ വാര്യരെ) അനുസരിക്കാന്‍ തീരെ തയ്യാറായില്ല. അത് കൊണ്ട് തന്നെ ഗുരുനാഥന്റെ പക്കല്‍ നിന്ന് ശാസനയും പലപ്പോഴും അടിയും കുട്ടിച്ചാത്തന് ലഭിച്ചു. പലപ്പോഴും ഗുരു ചിന്തിക്കുന്നതിലും അപ്പുറം കുട്ടി ചിന്തിച്ചു തുടങ്ങി. കുട്ടിയുടെ നിരവധി ചോദ്യങ്ങള്‍ക്ക് ഗുരുവിനു ഉത്തരം ലഭിക്കാത്ത അവസ്ഥ വന്നു. ഒരിക്കല്‍ കുളിച്ചു വരികയായിരുന്ന ഗുരു കുട്ടി തന്റെ പുസ്തകം എടുത്ത് വായിക്കുന്നത് കണ്ടു തന്റെ പുസ്തകം എടുത്ത് വായിച്ചിട്ടാണ് തന്നെ ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങള്‍ കുട്ടി ചോദിക്കുന്നതെന്ന് കരുതി കോപാകുലനായി കുട്ടിയെ ചൂരല്‍ കൊണ്ട് പ്രഹരിക്കാന്‍ ആരംഭിച്ചു. ആദ്യം ഒന്നും പ്രതികരിക്കാതിരുന്ന കുട്ടി പെട്ടെന്ന് ഭാവം മാറ്റുകയും ഗുരുവിന്റെ തല അറുക്കുകയും പഠിപ്പ് മതിയാക്കി സ്ഥലം വിടുകയും ചെയ്തുവത്രേ.
ഇതറിഞ്ഞ കാളകാടര്‍ കോപാകുലനാകുകയും വിശന്നു വലഞ്ഞു വരുന്ന കുട്ടിച്ചാത്തന് ഭക്ഷണം കൊടുക്കരുത് എന്ന് ആത്തോലമ്മയോട് പറയുകയും ചെയ്തു. ദ്വേഷ്യം പൂണ്ട ചാത്തന്‍ ആത്തോലമ്മയുടെ ഇടത് മാറില്‍ കല്ലെറിയുകയും ഇതില്‍ കുപിതനായ കാളകാടര്‍ കുട്ടിയെ കന്നുകാലികളെ മേയ്ക്കാന്‍ വിടുകയും ചെയ്തു.  കാലി മേയ്ച് തളര്‍ന്നു വന്ന ചാത്തന്‍ ആത്തോലമ്മയോട് പാല് ചോദിച്ചെങ്കിലും അവര്‍ കൊടുത്തില്ല. ഇതിനു പ്രതികാരമായി അച്ഛന്‍ നമ്പൂതിരി എന്നും കണി കാണുന്ന കാള കൂട്ടത്തെ ചെങ്കോമ്പന്‍ കാളയെ കൊന്നു ചോര കുടിച്ചു.
വിവരമറിഞ്ഞ കാള കാടര്‍ കുട്ടിച്ചാത്തനെ വെട്ടിക്കൊന്നു. എന്നാല്‍ വീണ്ടും ജനിച്ച് പ്രതികാര ദാഹിയായി ചാത്തന്‍ കാളകാട്ടില്ലം ചുട്ടു ചാമ്പലാക്കി. കുപിതനായ നമ്പൂതിരി ബ്രാഹ്മണരെ വരുത്തി ഹോമകുണ്ഡങ്ങള്‍ തീര്‍ത്ത് വീണ്ടും ചാത്തനെ  390 കഷ്ണങ്ങളാക്കി 21 ഹോമകുണ്ഡങ്ങളിൽ ഹോമിച്ചു. ഈ ഹോമകുണ്ഡങ്ങളിൽ നിന്ന് അനേകം ചാത്തന്മാര്‍ ഉണ്ടായി. അവര്‍ സമീപ പ്രദേശത്തെ ബ്രഹ്മണ ഇല്ലങ്ങളും ചുട്ടുകരിച്ചു. അങ്ങിനെ ഉപദ്രവകാരിയായി നാട്ടില്‍ നടന്ന ചാത്തനെ അടക്കാന്‍ കോലം കെട്ടി പൂജിക്കാന്‍ തീരുമാനിച്ചു.  പ്രതികാര ദാഹിയായി നടക്കുന്ന ചാത്തന്‍ ചാലയില്‍ പെരുമലയന്റെ ഭക്തിയില്‍ സംപ്രീതനാവുകയും പൂജയും നേര്‍ച്ചയും നല്‍കി അങ്ങിനെ കുട്ടിച്ചാത്തനെ തെയ്യമാക്കി ആരാധിച്ചു വരാന്‍ തുടങ്ങി. ആദ്യമായി കുട്ടിച്ചാത്തന്റെ കോലസ്വരൂപം കെട്ടിയാടിയതും ചാലയില്‍ പെരുമലയന്‍ ആണെന്ന് വിശ്വസിക്കപ്പെടുന്നു......

Comments

Popular Posts